നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

നിലനിൽക്കുന്ന പ്രത്യാശ

നാലുവയസ്സുകാരനായ സോളമന് ഡുഷെൻ മസ്‌കുലർ ഡിസ്ട്രഫി - പേശികൾ ക്രമേണ നശിക്കുന്ന ഒരു രോഗം - ആണെന്നു ഡോക്ടർമാർ കണ്ടെത്തി. ഒരു വർഷത്തിനുശേഷം, വീൽചെയർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡോക്ടർമാർ കുടുംബവുമായി ചർച്ച ചെയ്തു. എന്നാൽ തനിക്കു വീൽചെയർ വേണ്ടെന്ന് സോളമൻ പ്രതിഷേധിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവനുവേണ്ടി പ്രാർത്ഥിക്കുകയും കഴിയുന്നിടത്തോളം കാലം അവനെ വീൽചെയറിൽ നിന്ന് മാറ്റി നിർത്തുന്നതിനു സഹായിക്കാനായി, പരിശീലിപ്പിച്ച ഒരു നായയ്ക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. ടെയിൽസ് എന്റെ സർവീസ് നായയായ കാലിയെ പരിശീലിപ്പിച്ച ടെയ്ൽസ് ഫോർ ലൈഫ് എന്ന സംഘടന സോളമനെ സേവിക്കാൻ മറ്റൊരു നായയെ പലിശീലിപ്പിക്കുകയാണിപ്പോൾ.

സോളമൻ തന്റെ ചികിത്സ സ്വീകരിക്കുമ്പോൾ തന്നേ, പലപ്പോഴും ഉച്ചത്തിൽ ദൈവത്തെ സ്തുതിക്കുന്ന സ്തുതിഗീതങ്ങൾ ആലപിക്കുന്നു. ചില ദിവസങ്ങൾ കൂടുതൽ ബുദ്ധിമുട്ടാണ്. ആ പ്രയാസകരമായ ദിവസങ്ങളിലൊന്നിൽ, സോളമൻ തന്റെ അമ്മയെ കെട്ടിപ്പിടിച്ച് പറഞ്ഞു, “സ്വർഗത്തിൽ ഡൂഷെൻസ് ഇല്ലെന്നതിൽ എനിക്ക് സന്തോഷമുണ്ട്.’’

രോഗത്തിന്റെ ക്ഷയോന്മുഖമായ ഫലങ്ങൾ നിത്യതയുടെ ഈ ഭാഗത്തുള്ള എല്ലാ ആളുകളെയും ബാധിക്കുന്നു. എന്നിരുന്നാലും, സോളമനെപ്പോലെ, അനിവാര്യമായ ആ ദുഷ്‌കരമായ ദിവസങ്ങളിൽ നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്താൻ കഴിയുന്ന ശാശ്വതമായ പ്രത്യാശ നമുക്കുണ്ട്. “പുതിയ ആകാശവും പുതിയ ഭൂമിയും’’ (വെളിപ്പാട് 21:1) എന്ന വാഗ്ദാനമാണ് ദൈവം നമുക്ക് നൽകുന്നത്. നമ്മുടെ സ്രഷ്ടാവും പരിപാലകനും നമ്മുടെ ഇടയിൽ തന്റെ കൂടാരം അടിച്ചുകൊണ്ട് നമ്മുടെ ഇടയിൽ “വസിക്കും’’ (വാ. 3). അവൻ നമ്മുടെ കണ്ണിൽ നിന്ന് “കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല’’ (വാ. 4). കാത്തിരിപ്പ് “വളരെ കഠിനമോ,’’ “വളരെ നീണ്ടതോ’’ ആയി തോന്നുമ്പോൾ നമുക്ക് സമാധാനം അനുഭവിക്കാൻ കഴിയും, കാരണം ദൈവത്തിന്റെ വാഗ്ദത്തം നിവൃത്തിയാകും.

ഒരുമിച്ചായിരിക്കുന്നതാണു നല്ലത്

ഏകയായി ജോലി ചെയ്തു വീടു പുലർത്തുന്ന മാതാവായ മേരി സഭാരാധനയോ ബൈബിൾ പഠനമോ മുടക്കിയിരുന്നില്ല. ഓരോ ആഴ്ചയിലും അവൾ തന്റെ അഞ്ചു മക്കളുമായി പള്ളിയിലേക്കും തിരിച്ചും ബസിൽ പോകുകയും, ക്രമീകരണങ്ങൾ ചെയ്യുന്നതിലും വൃത്തിയാക്കലിലും സഹായിക്കുകയും ചെയ്തിരുന്നു.

ഒരു ഞായറാഴ്ച, ചില സഭാംഗങ്ങൾ ആ കുടുംബത്തിന് ചില സമ്മാനങ്ങൾ നൽകിയതായി പാസ്റ്റർ മേരിയോട് പറഞ്ഞു. ഒരു ദമ്പതികൾ അവർക്ക് കുറഞ്ഞ വാടകയ്ക്കു വീട് നൽകി. മറ്റൊരു ദമ്പതികൾ അവർക്ക് അവരുടെ കോഫി ഷോപ്പിൽ ആനുകൂല്യങ്ങളോടെ ജോലി വാഗ്ദാനം ചെയ്തു. ഒരു യുവാവ് അവൾക്ക് താൻ പണിതിറക്കിയ ഒരു പഴയ കാർ നൽകുകയും അവളുടെ സ്വകാര്യ മെക്കാനിക്കായി പ്രവർത്തിക്കാമെന്ന്  വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവത്തെയും പരസ്പരവും സേവിക്കുന്നതിനായി അർപ്പിതരായ ഒരു സമൂഹത്തിൽ ജീവിക്കുന്നതിന്റെ സന്തോഷത്തിന് മേരി ദൈവത്തിനു നന്ദി പറഞ്ഞു.

മേരിയുടെ സഭാ കുടുംബത്തെപ്പോലെ ഉദാരമായി നൽകാൻ നമുക്കെല്ലാവർക്കും കഴിഞ്ഞേക്കില്ലെങ്കിലും, ദൈവജനം പരസ്പരം സഹായിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളവരാണ്. സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് യേശുവിലെ വിശ്വാസികളെ “അപ്പൊസ്തലന്മാരുടെ ഉപദേശം കേൾക്കുന്നതിനും കൂട്ടായ്മ ആചരിക്കുന്നതിനും’’ സമർപ്പണമുള്ളവർ എന്ന് വിശേഷിപ്പിച്ചു (പ്രവൃത്തികൾ 2:42). നമ്മുടെ വിഭവങ്ങൾ സംയോജിപ്പിക്കുമ്പോൾ, യേശുവിലെ ആദ്യ വിശ്വാസികൾ ചെയ്തതുപോലെ ആവശ്യമുള്ളവരെ സഹായിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും (വാ. 44-45). ദൈവത്തോടും പരസ്പരവും നാം അടുക്കുംതോറും നമുക്ക് പരസ്പരം കരുതുവാൻ കഴിയും. ദൈവജനം തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ദൈവസ്‌നേഹം പ്രകടമാക്കുന്നത് കാണുന്നത് മറ്റുള്ളവരെ യേശുവുമായുള്ള രക്ഷാകരമായ ബന്ധത്തിലേക്ക് നയിക്കും (വാ. 46-47).

പുഞ്ചിരിയോടെയോ ഒരു ദയാ പ്രവൃത്തിയിലൂടെയോ നമുക്ക് മറ്റുള്ളവരെ സേവിക്കാൻ കഴിയും. ഒരു സാമ്പത്തിക സമ്മാനമോ പ്രാർത്ഥനയോ നൽകാൻ നമുക്കു കഴിയും. ദൈവം നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുന്നതിനാൽ, നാം ഒരുമിച്ചായിരുന്നതാണ് നല്ലത്.

സന്തോഷിക്കാനുള്ള കാരണങ്ങൾ

മിസ്സ് ഗ്ലെൻഡ  ചർച്ചിന്റെ പൊതുവായ ഏരിയയിലേക്ക് നടന്നപ്പോൾ, അവളുടെ മറ്റുള്ളവരിലേക്കും പകരുന്ന സന്തോഷം മുറിയിൽ നിറഞ്ഞു. കഠിനമായ ഒരു ചികിത്സയിൽ നിന്ന് അവൾ സുഖം പ്രാപിച്ചു വന്നതേ ഉണ്ടായിരുന്നുള്ളു. ആരാധനയ്ക്കു ശേഷമുള്ള ഞങ്ങളുടെ പതിവ് ആശംസകൾക്കായി അവൾ എന്നെ സമീപിച്ചപ്പോൾ, വർഷങ്ങളായി അവൾ എന്നോടൊപ്പം കരയുകയും എന്നെ സൗമ്യമായി തിരുത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്ത എല്ലാ സമയങ്ങളെക്കുറിച്ചും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. അവൾ എന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് അവൾക്കു തോന്നിയപ്പോൾ അവൾ ക്ഷമ ചോദിക്കുമായിരുന്നു. സാഹചര്യം എന്തുതന്നെയായാലും, എന്റെ പോരാട്ടങ്ങൾ സത്യസന്ധമായി പങ്കിടാൻ അവൾ എന്നെ എപ്പോഴും ക്ഷണിക്കുകയും ദൈവത്തെ സ്തുതിക്കാൻ ഞങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.

അമ്മ ഗ്ലെൻഡ-അങ്ങനെ വിളിക്കാൻ എന്നെ അനുവദിച്ചിരുന്നു - എന്നെ മൃദുവായി ആലിംഗനം ചെയ്തു. “ഹായ്, ബേബി,” അവൾ പറഞ്ഞു. ഞങ്ങൾ ഒരു ചെറിയ സംഭാഷണം ആസ്വദിക്കുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. എന്നിട്ട് അവൾ പോയി-എപ്പോഴും എന്നപോലെ മൂളിയും പാടിയും മറ്റാരെയെങ്കിലും അനുഗ്രഹിക്കാനുണ്ടോയെന്നു നോക്കി.

സങ്കീർത്തനം 64-ൽ, ദാവീദ് തന്റെ പരാതികളും ആശങ്കകളുമായി സധൈര്യം ദൈവത്തെ സമീപിച്ചു (വാ. 1). തനിക്കു ചുറ്റും കാണുന്ന ദുഷ്ടതയെക്കുറിച്ചുള്ള തന്റെ നിരാശകൾ അവൻ പറഞ്ഞു (വാ. 2-6). ദൈവത്തിന്റെ ശക്തിയിലോ അവന്റെ വാഗ്ദാനങ്ങളുടെ വിശ്വാസ്യതയിലോ അവന് ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല (വാ. 7-9). ഒരു ദിവസം, “നീതിമാൻ യഹോവയിൽ ആനന്ദിച്ചു അവനെ ശരണമാക്കും; ഹൃദയപരമാർത്ഥികൾ എല്ലാവരും പുകഴും” (വാ. 10) എന്ന് അവൻ അറിഞ്ഞിരുന്നു.

യേശുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുമ്പോൾ, നമുക്ക് പ്രയാസകരമായ സമയങ്ങൾ നേരിടേണ്ടിവരും. എന്നാൽ ദൈവം സൃഷ്ടിച്ച എല്ലാ ദിവസവും സന്തോഷിക്കാൻ നമുക്ക് എപ്പോഴും കാരണങ്ങളുണ്ടാകും.

ദുഃഖിതനും നന്ദിയുള്ളവനും

എന്റെ അമ്മ മരിച്ചതിനു ശേഷം, അവളുടെ സഹകാൻസർ രോഗികളിൽ ഒരാൾ എന്നെ സമീപിച്ചു. “നിങ്ങളുടെ അമ്മ എന്നോടു വളരെ ദയയുള്ളവളായിരുന്നു,” അവൾ വിതുമ്പിക്കൊണ്ടു പറഞ്ഞു, “എനിക്ക് പകരം അവൾ മരിച്ചു... എനിക്കു ഖേദമുണ്ട്.”

“എന്റെ അമ്മ നിങ്ങളെ സ്‌നേഹിച്ചു,” ഞാൻ പറഞ്ഞു. “നിങ്ങളുടെ ആൺമക്കൾ വളർന്നുവരുന്നതു കാണാൻ നിങ്ങളെ അനുവദിക്കണമെന്ന് ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിച്ചു.” അവളുടെ കൈകൾ പിടിച്ച്, ഞാൻ അവളോടൊപ്പം കരഞ്ഞു, സമാധാനമായി ദുഃഖിക്കുന്നതിന് അവളെ സഹായിക്കാൻ ദൈവത്തോടപേക്ഷിച്ചു. അവളുടെ ഭർത്താവിനെയും വളർന്നുവരുന്ന രണ്ടു കുട്ടികളെയും സ്‌നേഹിക്കുന്നത് തുടരാൻ അനുവദിച്ച അവളുടെ വിടുതലിനും ഞാൻ ദൈവത്തോടു നന്ദി പറഞ്ഞു.

ഇയ്യോബിന് തന്റെ മക്കളുമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദുഃഖത്തിന്റെ സങ്കീർണ്ണത ബൈബിൾ വെളിപ്പെടുത്തുന്നു. ഇയ്യോബ് ദുഃഖിച്ചു, “സാഷ്ടാംഗം വീണു നമസ്‌കരിച്ചു” (ഇയ്യോബ് 1:20). കീഴടങ്ങലിന്റെ നന്ദികരേറ്റലിന്റെയും ഹൃദയഭേദകവും പ്രതീക്ഷാനിർഭരവുമായ ഒരു പ്രകടനത്തോടെ അവൻ പ്രഖ്യാപിച്ചു, “യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (വാ. 21). ഇയ്യോബ് പിന്നീട് തന്റെ ദുഃഖത്തിന്റെ കാര്യത്തിലും ദൈവം തന്റെ ജീവിതത്തെ പുനർനിർമ്മിക്കുന്ന കാര്യത്തിലും ശക്തമായ പോരാട്ടം നേരിട്ടുവെങ്കിലും, ഈ നിമിഷത്തിൽ അവൻ നല്ലതും മോശവുമായ സാഹചര്യങ്ങളിൽ ദൈവത്തിന്റെ അധികാരം അംഗീകരിക്കുകയും സന്തോഷിക്കുകയും ചെയ്തു.

വികാരങ്ങളെ നാം കൈകാര്യം ചെയ്യുന്നതും പോരാട്ടം അനുഭവിക്കുന്നതുമായ പല വഴികളും ദൈവം മനസ്സിലാക്കുന്നു. സത്യസന്ധതയോടെയും മുറിപ്പെടത്തക്ക നിലയിലും ദുഃഖിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു. ദുഃഖം അനന്തവും അസഹനീയവുമാണെന്നു തോന്നുമ്പോൾ പോലും, താൻ മാറ്റമില്ലാത്തവനാണെന്നും ദൈവം ഉറപ്പിക്കുന്നു. ഈ വാഗ്ദത്തത്തിലൂടെ, ദൈവം നമ്മെ ആശ്വസിപ്പിക്കുകയും അവന്റെ സാന്നിധ്യത്തിനു നന്ദിയുള്ളവരായിരിക്കാൻ നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

സ്വർഗീയ സമാഗമം

എന്റെ മാതാവിന്റെ ചരമക്കുറിപ്പ് തയ്യാറാക്കിയപ്പോൾ, മരിച്ചു എന്ന വാക്ക് ഒരു പ്രത്യാശയില്ലാത്ത പ്രയോഗമായി എനിക്ക് തോന്നി; സ്വർഗ്ഗത്തിലെ ഒരു പുന:സമാഗമം നമ്മുടെ പ്രത്യാശയാണല്ലോ. അതുകൊണ്ട് "യേശുവിന്റെ കരങ്ങളിലേക്ക് എടുക്കപ്പെട്ടു" എന്ന പ്രയോഗമാണ്. എന്നിട്ടും അമ്മ ഉൾപ്പെടാത്ത ഏറ്റവും പുതിയ കുടുംബ ഫോട്ടോകൾ കാണുമ്പോൾ ചില നാളുകൾ എനിക്ക് ദുഃഖമായിരുന്നു. എന്നാൽ നമ്മെവിട്ടു പോയവരുടെ ചിത്രം പഴയ ഫോട്ടോ നോക്കി കുടുംബഫോട്ടോയിൽ വരച്ചു ചേർക്കുന്ന ഞാൻ ഒരു ചിത്രകാരനെ കണ്ടെത്തി. ബ്രഷിന്റെ മനോഹര ചലനത്തിലൂടെ അയാൾ ദൈവം വാഗ്ദത്തം ചെയ്ത സ്വർഗീയ സമാഗമത്തിന്റെ ഒരു ചിത്രീകരണം നടത്തുകയായിരുന്നു. അമ്മയോടൊപ്പം വീണ്ടും ഒരുമിച്ച് ആയിരിക്കാമെന്ന ചിന്തയിൽ ഞാൻ ആനന്ദാശ്രു പൊഴിച്ചു.

അപ്പസ്തോലനായ പൗലോസ്, യേശുവിൽ വിശ്വസിക്കുന്നവർ "ശേഷം മനുഷ്യരേപ്പോലെ" ദുഃഖിക്കരുത് എന്ന് പറയുന്നു (1തെസലോനിക്യർ4:13). "യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ദൈവം നിദ്ര കൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും"(വാ.14). പൗലോസ് യേശുവിന്റെ രണ്ടാം വരവ് അംഗീകരിക്കുകയും സകല വിശ്വാസികളും യേശുവിനൊപ്പം സമ്മേളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു (വാ.17 ).

യേശുവിൽ വിശ്വസിച്ച ഒരു പ്രിയപ്പെട്ടയാളുടെ നഷ്ടം ഓർത്ത് നാം ദു:ഖിക്കുമ്പോൾ, സ്വർഗീയ കൂടിച്ചേരലെന്ന ദൈവിക വാഗ്ദാനത്തിന് നമ്മെ ആശ്വസിപ്പിക്കുവാൻ കഴിയും. നമ്മുടെ നശ്വരതയെ നാം അഭിമുഖീകരിക്കുമ്പോൾ, ഉയിർത്തെഴുന്നേറ്റ നമ്മുടെ രാജാവിനോടുകൂടെയുള്ള വാഗ്ദത്ത ഭാവി, തന്റെ വരവ് വരെയോ അവിടുന്ന് നമ്മെ വീട്ടിൽ ചേർക്കുന്നതുവരെയോ നമുക്ക് ശാശ്വതമായ പ്രത്യാശ നൽകുന്നു.

സ്നേഹത്തിൽ വേരൂന്നി

ഏകാന്തതയോടെയും ഭയത്തോടെയുമാണ് എന്റെ മാതാവിന്റെ ചികിത്സക്ക് കൂടെനിൽക്കാനായി ഞാൻ ക്യാൻസർ കെയർ സെന്ററിൽ എത്തിയത്. എന്റെ കുടുംബവും എന്നെ പിന്തുണയ്ക്കുന്നവരും 1200 മൈൽ അകലെയാണിപ്പോൾ. ഞാൻ ലഗേജ് എടുക്കാൻ ശ്രമിച്ചപ്പോഴേക്കും വിടർന്ന ചിരിയോടെ, ഫ്രാങ്ക് എന്ന മനുഷ്യൻ സഹായിക്കാൻ വന്നു. ഞങ്ങൾ ആറാം നിലയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കൂടെയുണ്ടായിരുന്ന ഭാര്യ ലോറിയെ കാണണമെന്ന് ഞാൻ കരുതി. ഈ ദമ്പതികൾ ഞങ്ങൾക്ക് സ്വന്തകുടുംബം പോലെയായി; ഞങ്ങൾ പരസ്പരവും ദൈവത്തിലും ആശ്രയിച്ചു. ഞങ്ങൾ ഒരുമിച്ച് ചിരിച്ചു, ദുഃഖങ്ങൾ പങ്കുവെച്ചു, കരഞ്ഞു, പ്രാർത്ഥിച്ചു. അകലെയായി എന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നിയെങ്കിലും ദൈവത്തോടും പരസ്പരവുമുള്ള ഞങ്ങളുടെ ബന്ധം ഞങ്ങളെ  സ്നേഹത്തിൽ വേരൂന്നി അന്യോന്യം കരുതാൻ ഇടയാക്കി.

രൂത്ത് അമ്മാവിയമ്മ നവോമിയുടെ കൂടെ പോകാൻ തീരുമാനിച്ചപ്പോൾ തന്റെ പരിചയങ്ങളുടെ സുരക്ഷിതത്വം വേണ്ടെന്ന് വെച്ചു. രൂത്ത് "വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി" ( രൂത്ത് 2:3). കൊയ്ത്തുകാരുടെ കാര്യസ്ഥൻ ഉടമസ്ഥനായ ബോവസിനോട് രൂത്ത് വയലിൽ വന്ന് പെറുക്കിയ കാര്യവും വിശ്രമമില്ലാതെ പെറുക്കിയ കാര്യവും പറഞ്ഞു (വാ. 7). രൂത്ത് നവോമിയെ കരുതിയതുകൊണ്ട് തന്നെ കരുതുന്നവരുള്ള ഒരു സുരക്ഷിതയിടം അവൾക്കും ലഭിച്ചു (വാ.8, 9). ബോവസിന്റെ ഔദാര്യമനസ്സിലൂടെ ദൈവം രൂത്തിനും നവോമിക്കും വേണ്ടി കരുതുകയായിരുന്നു (വാ.14-16 ).

ജീവിത സാഹചര്യങ്ങൾ നമ്മുടെ സുരക്ഷിതയിടങ്ങൾക്കുമപ്പുറം അപ്രതീക്ഷിത പാതകൾ സമ്മാനിക്കാം. എന്നാൽ നാം ദൈവത്തോടും പരസ്പരവുമുള്ള ബന്ധത്തിൽ നിലനിൽക്കുമ്പോൾ, നാം അന്യോന്യം സഹായിക്കുന്നതിലൂടെ തന്റെ സ്നേഹത്തിൽ വേരൂന്നും.

പ്രകാശിക്കുന്ന അലഞ്ഞുതിരിയുന്നവർ

2020 ലെ വസന്തകാലത്ത് രാത്രി ആകാശത്തിനു കീഴിൽ, സാൻഡീഗോ തീരത്ത് സർഫിംഗ് നടത്തിക്കൊണ്ടിരുന്നവർ ജൈവികപ്രകാശതരംഗങ്ങൾ വമിക്കുന്ന തിരകൾക്കു മുകളിലൂടെ സർഫ് ചെയ്യുകയുണ്ടായി. ഈ ലൈറ്റ്‌ഷോകൾക്ക് കാരണമായത് ഫൈറ്റോപ്ലാങ്ക്ടൺ എന്ന് വിളിക്കപ്പെടുന്ന സൂക്ഷ്മജീവികളായിരുന്നു. “അലഞ്ഞുതിരിയുന്നവൻ’’ എന്നർത്ഥമുള്ള ഒരു ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. പകൽ സമയത്ത്, ഈ ജീവജാലങ്ങൾ ചുവന്ന വേലിയേറ്റങ്ങൾ സൃഷ്ടിക്കുകയും സൂര്യപ്രകാശം പിടിച്ചെടുത്ത് അതു രാസോർജ്ജമായി മാറ്റുകയും ചെയ്യുന്നു. ഇരുട്ടിൽ അസ്വസ്ഥമാകുമ്പോൾ, അവ ഒരു നീല വൈദ്യുത വെളിച്ചം പുറപ്പെടുവിക്കുന്നു.

യേശുവിൽ വിശ്വസിക്കുന്നവർ സ്വർഗ്ഗത്തിന്റെ പൗരന്മാരാണ്, അവർ ചുവന്നവേലിയേറ്റ ആൽഗകളെപ്പോലെ, ഭൂമിയിൽ അലഞ്ഞുതിരിയുന്നവരായോ ഒഴുകുന്നവരായോ ജീവിക്കുന്നു. പ്രയാസകരമായ സാഹചര്യങ്ങൾ നമ്മുടെ സുസ്ഥിരമായ പദ്ധതികളെ തടസ്സപ്പെടുത്തുമ്പോൾ, ലോകത്തിന്റെ വെളിച്ചമായ യേശുവിനെപ്പോലെ പ്രതികരിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുന്നു, അങ്ങനെ നമുക്ക് ഇരുട്ടിൽ അവന്റെ തിളക്കമാർന്ന സ്വഭാവം പ്രതിഫലിപ്പിക്കാൻ കഴിയും. പൗലൊസ് അപ്പൊസ്തലന്റെ അഭിപ്രായത്തിൽ, ക്രിസ്തുവുമായുള്ള നമ്മുടെ അടുപ്പത്തെയും അവനിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ ലഭിക്കുന്ന നീതിയെയുംകാൾ വിലപ്പെട്ട മറ്റൊന്നില്ല (ഫിലിപ്പിയർ 3:8-9). യേശുവിനെ അറിയുന്നതും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയും നമ്മെ മാറ്റുന്നു, അത് നമ്മുടെ ജീവിതരീതിയെയും പരീശോധനകൾ നമ്മുടെ ജീവിതത്തെ തടസ്സപ്പെടുത്തുമ്പോൾ നാം പ്രതികരിക്കുന്ന രീതിയെയും സ്വാധീനിക്കുന്നുവെന്ന് അവന്റെ ജീവിതം തെളിയിച്ചു (വാ. 10-16).

നാം ദിവസവും ദൈവപുത്രനോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, പരിശുദ്ധാത്മാവ് നമുക്കാവശ്യമായ സത്യത്താൽ നമ്മെ സജ്ജരാക്കുന്നു - ഈ ഭൂമിയിലെ എല്ലാ വെല്ലുവിളികളും ക്രിസ്തുവിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നു (വാ. 17-21). ദൈവം നമ്മെ വീട്ടിലേക്കു വിളിക്കുകയോ അല്ലെങ്കിൽ വീണ്ടും വരുകയോ ചെയ്യുന്ന ദിവസം വരെ ഇരുട്ടിനെ മുറിച്ചുകൊണ്ട് നമുക്കു ദൈവത്തിന്റെ സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും വിളക്കുകളാകാം.

കാര്യവിചാരകത്വമെന്ന പദവി

അവധിക്കാലത്ത്, ഞാനും ഭർത്താവും എലിയറ്റ് ബീച്ചിലൂടെ നടക്കുമ്പോൾ, കൊട്ടക്കണക്കിന് ആമ മുട്ടകൾ ഞങ്ങൾ കണ്ടു. ഒലിവ് റിഡ്‌ലി കടലാമകളുടെ മുട്ടകൾ വിരിയുന്നതു സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചെന്നൈ ബീച്ചുകളിലൂടെ രാത്രി നടത്തം സംഘടിപ്പിക്കുന്ന സന്നദ്ധപ്രവർത്തകരുടെ ഒരു ടീമിനൊപ്പം താൻ പ്രവർത്തിക്കുന്നതായി ഞങ്ങൾ കണ്ടുമുട്ടിയ ഒരു യുവാവ് വിശദീകരിച്ചു. മൃഗങ്ങളും മനുഷ്യരും മുട്ടു വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങളുടെ ജീവനു ഭീഷണിയാകാറുണ്ട്. “ഞങ്ങളുടെ ഈ ശ്രമങ്ങളെല്ലാമുണ്ടായിട്ടും ഓരോ ആയിരം കുഞ്ഞുങ്ങളിൽ ഒരെണ്ണം മാത്രമേ പ്രായപൂർത്തിയിലെത്തുന്നുള്ളു എന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്’’ എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഈ ഭയാനകമായ കണക്കുകൾ ഈ യുവാവിനെ നിരുത്സാഹപ്പെടുത്തുന്നില്ല. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ നിസ്വാർത്ഥമായി സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം കടലാമകളെ ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള എന്റെ ആഗ്രഹത്തെ ആഴമുള്ളതാക്കി. ദൈവം സൃഷ്ടിച്ച ജീവികളെ പരിപാലിക്കാനുള്ള എന്റെ ദൈവദത്തമായ ഉത്തരവാദിത്തത്തെ ഓർമ്മിപ്പിക്കുന്ന ഒരു കടലാമയുടെ പെൻഡന്റ് ഞാൻ ഇപ്പോൾ ധരിക്കുന്നു.

ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോൾ, ഓരോ ജീവിക്കും ജീവിക്കാനും പെരുകാനും കഴിയുന്ന ഒരു വാസസ്ഥലം അവൻ നൽകി (ഉല്പത്തി 1:20-25). അവൻ തന്റെ പ്രതിച്ഛായ-വാഹകരെ സൃഷ്ടിച്ചപ്പോൾ അവർ, “സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാഇഴജാതിയിന്മേലും’’ വാഴണമെന്ന് ദൈവം ഉദ്ദേശിച്ചു (വാ. 26). അവന്റെ വിശാലമായ സൃഷ്ടിയെ പരിപാലിക്കാൻ ദൈവം നൽകിയ അധികാരം ഉപയോഗിക്കുന്ന ഉത്തരവാദിത്തമുള്ള കാര്യവിചാരകന്മാരായി അവനെ സേവിക്കാൻ അവൻ നമ്മെ സഹായിക്കുന്നു.

വിശ്വാസത്തിന്റെ പേശികൾ ചലിപ്പിക്കാം

ഒരിക്കൽ മൃഗശാല സന്ദർശിച്ചപ്പോൾ ഒരു തേവാങ്കിനെ കണ്ടു. അത് മരക്കൊമ്പിൽ തല കീഴായിട്ടാണ് കിടക്കുന്നത്. പൂർണ്ണമായും നിശ്ചലമായി കിടക്കുന്നത് അതിന് ഇഷ്ടമായി തോന്നി. ഞാൻ ദീർഘശ്വാസം വിട്ടു. എന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലം അധികസമയവും വെറുതെയിരിക്കാനേ പറ്റൂ. വേഗത്തിൽ ചലിക്കാനോ എന്തെങ്കിലുമൊക്കെ ചെയ്യാനോ  വലിയ പ്രയാസമായിരുന്നു. എന്റെ പരിമിതികളിൽ എനിക്ക് നീരസം തോന്നി, എന്റെ ബലഹീനതയെക്കുറിച്ചുള്ള ചിന്ത ഒന്ന് മാറിയെങ്കിൽ എന്ന് ആശിച്ചു. എന്നാൽ ആ ജീവിയെ നിരീക്ഷിച്ചപ്പോൾ അത് കൈ നീട്ടി മരക്കൊമ്പിൽ പിടിക്കുന്നതും പിന്നീട് അനങ്ങാതിരിക്കുന്നതും കണ്ടു. നിശ്ചലമായിരിക്കുന്നതിനും ബലം ആവശ്യമാണ്. വളരെ മെല്ലെ മാത്രം ചലിക്കുന്നതിനും തേവാങ്കിനെപ്പോലെ നിശ്ചലമായിരിക്കുന്നതിനും ഒക്കെ വിവരണാതീതമായ പേശീബലം ആവശ്യമാണ്. ജീവിതത്തിലെ ഇഴഞ്ഞുനീങ്ങുന്ന അനുഭവങ്ങളിൽ ദൈവത്തെ ആശ്രയിക്കുന്നതിന് പ്രകൃത്യാതീതമായ ബലം ആവശ്യമാണ്.

സങ്കീർത്തനങ്ങൾ 46 ൽ എഴുത്തുകാരൻ പ്രഖ്യാപിക്കുന്നത് ദൈവം നമുക്ക് ബലം നല്കുന്നു എന്നല്ല ദൈവമാണ് നമ്മുടെ ബലം എന്നാണ്. (വാ.1) ചുറ്റും എന്തൊക്കെ സംഭവിച്ചാലും സാരമില്ല, "സൈന്യങ്ങളുടെ യഹോവ നമ്മോടു കൂടെയുണ്ട്" (വാ.7). സങ്കീർത്തകൻ ഇക്കാര്യം ആവർത്തിച്ച് ഉറപ്പിക്കുന്നു (വാ.11).

തേവാങ്കിനെപ്പോലെ, നമ്മുടെ അനുദിന സാഹസിക കൃത്യങ്ങളിലും മെല്ലെപ്പോക്കും അസാധ്യമെന്ന് തോന്നിക്കുന്ന നിശ്ചലാവസ്ഥയും ആവശ്യമാണ്. ദൈവത്തിന്റെ മാറ്റമില്ലാത്ത പ്രകൃതിയിൽ ആശ്രയിക്കുമ്പോൾ, നമുക്ക് ഏറ്റവും ഉചിതമായ വിധം പദ്ധതിയും വേഗതയും നിശ്ചയിക്കുന്ന ദൈവത്തിന്റെ ബലം മതിയായതായിരിക്കും.

നാം കഷ്ടതയുടെ പോരാട്ടത്തിലോ കാത്തിരിപ്പിന്റെ സംഘർഷത്തിലോ ആയാലും ദൈവം വിശ്വസ്തനായി നമ്മോടു കൂടെയിരിക്കും. നമുക്ക് തീരെ ബലമില്ല എന്ന് തോന്നുമ്പോഴും വിശ്വാസത്തിന്റെ പേശികളെ ചലിപ്പിക്കുവാൻ അവൻ നമ്മെ സഹായിക്കും.

ശൂന്യാകാശത്തിലെ തിരുവത്താഴം

അപ്പോളോ 11-ലെ ഈഗിൾ എന്ന ചാന്ദ്രവാഹനം 1969 ജൂലൈ 20-ന്, ആദ്യമായി മനുഷ്യരെ ചന്ദ്രനിലെത്തിച്ചു; അതിലെ ബഹിരാകാശ യാത്രികർ ആ സുദീർഘമായ ശൂന്യാകാശയാത്രക്ക് ശേഷം ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും മുമ്പ്, സാധാരണ നിലയിലേക്ക് വരാൻ കുറെ സമയമെടുത്തു. യാത്രികനായിരുന്ന ബുസ് ആൾഡ്രിൻ തിരുവത്താഴ കർമ്മത്തിനുള്ള അപ്പവും വീഞ്ഞും കൊണ്ടു പോകാനുള്ള അനുവാദം സമ്പാദിച്ചിരുന്നു. തിരുവചനം വായിച്ച ശേഷം അദ്ദേഹം ചന്ദ്രനിൽ വെച്ച് ആദ്യമായി മനുഷ്യൻ കഴിക്കുന്ന ഭക്ഷണം രുചിച്ചു. പിന്നീടദ്ദേഹം എഴുതി: "ഞാൻ എന്റെ സഭയിൽ നിന്ന് കൊണ്ടുവന്ന പാനപാത്രത്തിലേക്ക് ആ വീഞ്ഞ് പകർന്നു. ഗുരുത്വാകർഷണം 1/6 മാത്രമായതിനാൽ വീഞ്ഞ് ആ കപ്പിന്റെ വശത്തു കൂടി പതിയെ മുകളിലേക്ക് ചുരുണ്ട് ഉയർന്നു." ശൂന്യാകാശത്തിലെ ഈ തിരുവത്താഴത്തിലൂടെ ആൾഡ്രിൻ ക്രിസ്തുവിന്റെ ക്രൂശിലെ യാഗമരണത്തിലുള്ള വിശ്വാസവും രണ്ടാം വരവിലുള്ള ഉറപ്പും സന്തോഷത്തോടെ പ്രഖ്യാപിക്കുകയായിരുന്നു.

"താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ" (1 കൊരിന്ത്യർ 11:23). ക്രിസ്തു ശിഷ്യന്മാരോടു കൂടി ഇരുന്ന സംഭവം ഓർമ്മിക്കുവാൻ അപ്പൊസ്തലനായ പൗലോസ് നമ്മെ ആഹ്വാനം ചെയ്യുന്നു. താമസിയാതെ യാഗമായിത്തീരാനുള്ള തന്റെ ശരീരത്തെ അപ്പത്തോട് (വാ.24) ക്രിസ്തു ഉപമിച്ചു. വീഞ്ഞിനെ, കുരിശിൽ രക്തം ചൊരിഞ്ഞ് പാപമോചനവും രക്ഷയും സാധ്യമാക്കിയ "പുതിയ ഉടമ്പടി" യുടെ പ്രതീകമായി പ്രഖ്യാപിച്ചു (വാ.25). നാം എവിടെയും എപ്പോഴും തിരുവത്താഴം ആചരിക്കുമ്പോൾ യേശുവിന്റെ യാഗത്തിലുള്ള നമ്മുടെ ആശ്രയവും, താൻ വാഗ്ദത്തം ചെയ്ത വീണ്ടും വരവിലുള്ള പ്രത്യാശയും പ്രഖ്യാപിക്കുകയാണ്. (വാ.26)

നാം എവിടെയാണെങ്കിലും ഉയിർത്തെഴുന്നേറ്റ്, വീണ്ടും വരുന്നവനായ ഏക രക്ഷകനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ ധൈര്യത്തോടെ ആഘോഷിക്കുവാൻ കഴിയും.